ആക്ഷൻ ത്രില്ലർ വിഭാഗത്തിലുള്ള ഈ സിനിമയിലൂടെ ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ടി-സീരീസ് ആദ്യമായി മലയാളത്തിൽ എത്തുന്നു.
ആസിഫ് അലിയുടെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ ഏറ്റവും പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒന്നാണ് രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക'. ബോളിവുഡിലെ വമ്പൻ കമ്പനിയായ ടി സീരീസ് ആദ്യമായി നിർമ്മാണ പങ്കാളിയാകുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇവർക്കൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസും സിനിമയുടെ നിർമ്മാണ പങ്കാളികളാണ്.
നസ്‌ലെൻ, ലുക്മാൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ. നായികമാരായി വാമിഖ ഗബ്ബി, സഞ്ജന നടരാജ എന്നിവരും എത്തുന്നു. ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ടിക്കി ടാക്ക എന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകുന്ന സൂചനകൾ. ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷന്സും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. നാവിസ് സേവിയർ, റാം മിർ ചന്ദനി, രാജേഷ് മേനോൻ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
