റാഞ്ചി: ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ പുതിയ നീക്കവുമായി യുവതാരം ഇഷാൻ കിഷാൻ. വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ കര്‍ണാടകക്കെതിരെ ജാര്‍ഖണ്ഡിനായി ആറാമനായെത്തിയാണ് ഇഷാൻ 33 പന്തില്‍ സെഞ്ച്വറി നേടിയത്. ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ടാം കീപ്പറായി ഇഷാനെ എത്തിച്ചതും ആഭ്യന്തര ക്രിക്കറ്റിലെ മികവായിരുന്നു. സയദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ തകർപ്പൻ ബാറ്റിംഗായിരുന്നു ജിതേഷ് ശര്‍മയെ മറികടന്ന് കിഷനെ ലോകകപ്പ് ടീമിലെത്തിച്ചത്. 

ADVERTISEMENT

മുഷ്താഖ് അലിയില്‍ ജാർഖണ്ഡിന് കിരീടം സമ്മാനിച്ച ഇഷാൻ കിഷൻ ഹരിയാനയ്ക്കെതിരായ ഫൈനലിൽ 49 പന്തിൽ 101 റൺസടിച്ചതിനൊപ്പം ടൂര്‍ണമെന്‍റിലെ ടോപ് സ്കോററാകുകയും ചെയ്തിരുന്നു. ഇതോടെ സെലക്ടർമാരുടെ അപ്രീതി അടിച്ചകറ്റി ഇഷാൻ ടി20 ലോകകപ്പ് ടീമിലെത്തി. ഇനി ഏകദിന ടീമില്‍ കൂടി തിരിച്ചെത്തുകയാണ് 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി കളിച്ച കിഷന്‍റെ ലക്ഷ്യം. അതിനായി കൂടുതൽ കരുതലോടെയാണ് കിഷന്‍റെ ഓരോ നീക്കവും.

ടി20യിൽ നിന്ന് വിജയ് ഹസാരെ ട്രോഫിയിലേക്ക് എത്തിയപ്പോൾ ഇഷാൻ കിഷൻ ക്രീസിലെത്തിയത് ആറാമനായി. കർണാടകയ്ക്കെതിരെ നേടിയത് 39 പന്തിൽ 125 റൺസ്. ഏഴ് ഫോറും പതിനാല് സിക്സും പറത്തിയ ഇഷാൻ കിഷൻ ഓപ്പണിംഗിൽ മാത്രമല്ല, ഏകദിനങ്ങളിലും ടി20യിലും ഫിനിഷറായും തനിക്ക് ശോഭിക്കാൻ കഴിയുമെന്ന് സെലക്ടർമാറെ അറിയിക്കുക കൂടിയായിരുന്നു ഇന്നലത്തെ പ്രകടനത്തോടെ