റായ്പുർ: ഛത്തീസ്ഗഡിൽ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും ഒരു സംഘം അടിച്ചുതകർത്തു. കമ്പും വടിയുമായി എത്തിയ സർവ ഹിന്ദു സാമാജ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരാണ് അലങ്കാരങ്ങളും സാന്താക്ലോസിൻ്റെ രൂപവും അടക്കം അടിച്ചുതകർത്തത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഡിസംബർ 24നായിരുന്നു സംഭവം. മതപരിവർത്തനം ആരോപിച്ച് സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച 'ഛത്തീസ്ഗഡ് ബന്ദ്' പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ പ്രവർത്തകർ മാളിൽ അക്രമം അഴിച്ചുവിട്ടത്. നൂറോളം പേരുള്ള സംഘം മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും സാന്റയുടെ രൂപവുമെല്ലാം അടിച്ചുതകർത്തു. മാളിലെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
